---
title: "4000 കിലോമീറ്റർ സഞ്ചരിച്ച് കേരള പോലീസ്; എറണാകുളത്ത് നിന്ന് കാണാതായ 13കാരിയെ ഒഡിഷയിൽ നിന്ന് കണ്ടെത്തി "
english_title: "Kerala Police Travel 4000 km to Rescue Missing 13-Year-Old Girl From Odisha"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/379425/kerala-police-rescue-missing-girl-odisha-4000km-journey`"
published_at: "2026-08-21T09:35:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a87cf1090628_1000722562.jpg"
keywords: []
---

# 4000 കിലോമീറ്റർ സഞ്ചരിച്ച് കേരള പോലീസ്; എറണാകുളത്ത് നിന്ന് കാണാതായ 13കാരിയെ ഒഡിഷയിൽ നിന്ന് കണ്ടെത്തി 

> **Lead Summary:** എറണാകുളം: കുറുപ്പംപടി പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് കാണാതായ 13 വയസുകാരിയെ കണ്ടെത്താൻ 4000 കിലോമീറ്ററോളം റോഡ് മാർഗം സഞ്ചരിച്ച് കേരള പോലീസിന്റെ പ്രത്യേക അന്വേഷകസംഘം.

## Article Content

എറണാകുളം: കുറുപ്പംപടി പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് കാണാതായ 13 വയസുകാരിയെ കണ്ടെത്താൻ 4000 കിലോമീറ്ററോളം റോഡ് മാർഗം സഞ്ചരിച്ച് കേരള പോലീസിന്റെ പ്രത്യേക അന്വേഷകസംഘം.

ഒഡിഷ സ്വദേശികളായ ദമ്പതികളുടെ മകളെയാണ് ഒഡിഷയിലെ നക്സൽബാധിത മേഖലയായ ഗഞ്ചം ജില്ലയിലെ നബാഗൊച്ച ഗ്രാമത്തിൽ നിന്ന് രക്ഷപ്പെടുത്തിയത്.

ആഗസ്റ്റ് 13ന് വൈകിട്ട് 6 മണിക്കാണ് പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കൾ കുറുപ്പംപടി സ്റ്റേഷനിൽ പരാതി നൽകിയത്. പരാതി ലഭിച്ച ഉടൻ സബ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ കുട്ടി താമസിച്ചിരുന്ന മേതല മേഖലയിലും പരിസര പ്രദേശങ്ങളിലും തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.

സാങ്കേതിക തെളിവുകളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ സേലത്തെ കമ്പനിയിൽ ജോലി ചെയ്യുന്ന കേശവ് എന്നയാളെക്കുറിച്ച് വിവരം ലഭിച്ചു. സേലത്തെ കമ്പനിയിലെ ഒഡിഷ സ്വദേശിയായ യുവാവുമായി കുട്ടിക്ക് സൗഹൃദമുണ്ടെന്ന് കേശവ് പോലീസിനോട് പറഞ്ഞു.

സേലത്തെത്തി നടത്തിയ അന്വേഷണത്തിലും കുട്ടിയെ കണ്ടെത്താനായില്ല. യുവാവിന്റെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നതും അന്വേഷണം വഴിമുട്ടിച്ചു.

തുടർന്ന് ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശന്റെ നിർദേശപ്രകാരം രൂപീകരിച്ച പ്രത്യേകസംഘം ഒഡിഷയിലേക്ക് തിരിച്ചു. അവിടെ നടത്തിയ അന്വേഷണത്തിൽ കുട്ടി അലോക് എന്ന യുവാവിനൊപ്പം ഗഞ്ചം ജില്ലയിലെ നബാഗൊച്ച ഗ്രാമത്തിലുണ്ടെന്ന് നിർണായക വിവരം ലഭിച്ചു.

4000 കിലോമീറ്റർ സഞ്ചരിച്ചാണ് സംഘം കുട്ടിയെ കണ്ടെത്തി കേരളത്തിലേക്ക് തിരികെ എത്തിച്ചത്.

അന്വേഷകസംഘത്തിൽ സബ് ഇൻസ്പെക്ടർ കെ.എം. അബി, സീനിയർ സിപിഒമാരായ എൻ.പി. ബിന്ദു, അരുൺ കെ. കരുണൻ, രജിത് രാം എന്നിവർ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/379425/kerala-police-rescue-missing-girl-odisha-4000km-journey`)